Tuesday, November 27, 2007

ഓണ്‍ലൈന്‍ എന്‍സൈക്‌ളോപീഡിയ


സംസ്ഥാനത്തെ പ്രമുഖ ഐ.റ്റി സ്ഥാപനങ്ങളില്‍ ഒന്നായ ഇന്‍വിസ്‌ മള്‍ട്ടിമീഡിയ തികച്ചും പുതുമയാര്‍ന്ന ഒരു സംരംഭവുമായി എത്തുന്നു. ഇന്ത്യയെക്കുറിച്ച്‌ വെബ്‌ അധിഷ്ഠിത വീഡിയോ വിജ്ഞാനകോശം തയ്യാറാക്കുന്നു എന്നതാണിത്‌.

ഐ.റ്റി രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വിസ്‌ മള്‍ട്ടിമീഡിയ യുനെസ്കോയുമായി ചേര്‍ന്നാണ്‌ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നത്‌.

ഈ പുതിയ ഓണ്‍ലൈന്‍ എന്‍സൈക്‌ളോപീഡിയയില്‍ ഇന്ത്യയുടെ ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും പ്രത്യേക വിഭാഗങ്ങളുണ്ട്‌. വീഡിയോ ചിത്രങ്ങള്‍ക്കൊപ്പം ഇംഗ്‌ളീഷിലുള്ള വിവരണവും കാണാം.

വെബ്‌സൈറ്റിന്‍റെ തുടക്കത്തില്‍ കേരളത്തെക്കുറിച്ചുള്ള രണ്ടായിരത്തോളം വീഡിയോ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തും. 2008 മാര്‍ച്ചോടെ ഇത്‌ പൂര്‍ത്തിയാകുമെന്ന്‌ കരുതുന്നു.

വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കുമെന്നാണു കരുതുന്നത്‌. പിന്നീട്‌ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെക്കുറിച്ചുള്ള വീഡിയോ ക്‌ളിപ്പിംഗുകളും ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നാണു സൂചന.

കേരളത്തിന്‍റെ ആയുര്‍വേദം, ശാസ്‌ത്രീയ നൃത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി സി.ഡി റോമുകളും ഡിവിഡികളും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ പുറത്തിറക്കിയിട്ടുണ്ട്‌.